പാലാ: പരിസ്ഥിതി ബോധത്തിൽ അടിയുറച്ച ദൈവശാസ്ത്രബോധനമാണ് സഭയുടെ മുഖമുദ്രയെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. മനുഷ്യർക്കൊപ്പം മറ്റു ജന്തു വർഗ്ഗങ്ങൾക്കും ജീവിക്കാനവകാശമുണ്ടന്നും എന്നാൽ മനുഷ്യ ജീവന്റെ മഹത്വം ഉയർത്തി പിടിക്കുന്നതാവണം പരിസ്ഥിതി സംരക്ഷണമെന്നും ബിഷപ്പ് തുടർന്നു പറഞ്ഞു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടർ മോൺ. ജോസഫ് കണിയോടി അദ്ധ്യക്ഷതവഹിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എഞ്ചിനീയർ ബിജു വി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, മെഡിസിറ്റി ഡയറക്ടർമാരായ ഫാ.ജോസ് കീരഞ്ചിറ, ഫാ. ഇമ്മാനുവൽ പാറേക്കാട്ട്, ഫാ.മാത്യു ചേന്നാട്ട്, ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.തോമസ് മണ്ണൂർ, ഡോ. സാബു ഡി മാത്യു, ഡാന്റീസ് കൂനാനിക്കൽ, അനൂപ് ജോൺ, മെർളി ജയിംസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ സെൻ്‌ട്രൽ കാർഷിക നഴ്സറിയുടെ ആഭിമുഖ്യമത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ എന്നിവയുടെ വിതരണവും തൈ നടീലും നടന്നു.
വിദേശ ഇനങ്ങളടക്കം വിവിധയിനം ഫലവൃക്ഷ തൈകൾ സബ്സിഡി നിരക്കിൽ പാലാ അഗ്രിമ സെന്ട്രൽ നഴ്സറിയിൽ നിന്നും ലഭ്യമാണന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.







