ബംഗളൂരു: രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയുടെ വിലക്ക്. മേയ് 31 വരെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. സംസ്ഥാനത്തെ എല്ലാ കടകളും തുറക്കാമെന്നും, സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
അതേസമയം സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ഇതിനിടെയാണ് കര്‍ണാടകയുടെ വിലക്ക്. 1100 ല്‍ അധികം പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേര്‍ മരിക്കുകയും ചെയ്തു. ലോക്ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന് ഉപമുഖ്യമന്ത്രി അശ്വാന്ത് നാരായണ്‍ അറിയിച്ചു.
