തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം അടച്ചിട്ട ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രമേ കടകള്‍ തുറക്കാന്‍ സാധിക്കൂ.
കടകളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ നടത്താം. എന്നാല്‍ ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം.
സാനിറ്റെസര്‍ നിര്‍ബന്ധമായും കടകളില്‍ ഉണ്ടായിരിക്കണം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം. കടകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. എന്നാല്‍ അന്ന് ശുചീകരണ പ്രവര്‍ത്തികള്‍ മാത്രമേ പാടുള്ളൂ.
അതേസമയം, ബിവറേജസ് ഓട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളില്‍ അധികം വരില്ലെന്ന നിബന്ധന പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ ബുക്കിങോ മറ്റുമാര്‍ഗങ്ങളോ ക്ലബ്ബുകള്‍ സ്വീകരിക്കണം.
അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
