തിരുവനന്തപുരം: സംസ്ഥാനത്ത് നാലാംഘട്ട് ലോക്ഡൗണിന്റെ ഭാഗമായി ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗതം ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും. ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസമുണ്ടാകില്ല. യാത്രയ്ക്ക് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡുണ്ടായാല്‍ മതി.
എന്നാല്‍ കണ്ടൈയ്ന്‍മെന്റ് സോണില്‍ നിയന്ത്രണമുണ്ടാകും. അന്തര്‍ജില്ലയില്‍ പൊതുഗതാഗതമുണ്ടാകില്ല. അല്ലാത്ത യാത്ര രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ആകാം. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ആവശ്യ സര്‍വീസ് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സമയം ബാധകമല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം.
സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ െ്രെഡവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്. കുടുംബമെങ്കില്‍ ഓട്ടോയില്‍ മൂന്നു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാംഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിച്ചിട്ടുണ്ട്.
സമീപമല്ലാത്ത ജില്ലകളിലേക്കു യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്നോ കലക്ടറുടെ ഓഫിസില്‍നിന്നോ അനുമതി ആവശ്യമാണ്. അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്കു സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പാസ്ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. പുതിയ നിരക്ക് അനുസരിച്ച് കിലോ മീറ്ററിന് 70 പൈസയുടെ തോതിലാണ് ചാര്‍ജ് ഈടാക്കുന്നത്. അത് 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
