ന്യൂഡല്‍ഹി: സംഹാരതാണ്ഡവമാടാന്‍ ശേഷിയുള്ള സൂപ്പര്‍ സൈക്ലോണായ് ഉംപുണ്‍ ചുഴലിക്കാറ്റ് മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടും. ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ ആറ് മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇതുമായ് ബന്ധപ്പെട്ട് കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
