ന്യൂഡല്‍ഹി: ലോകത്താകമാനം പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ്-19 മഹാവ്യാധിയെ തുരത്താന്‍ ലോകരാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി മോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ഗേറ്റ്സുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന്റെ പൊതു നേട്ടത്തിനായി മികച്ച രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ചര്‍ച്ച ചെയ്തു.
'ബില്‍ഗേറ്റ്സുമായി വിപുലമായ രീതിയില്‍ ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരേ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, കൊറോണക്കെതിരേയുള്ള പോരാട്ടങ്ങളില്‍ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍, കൊറോണയെ നേരിടാനുള്ള സാങ്കേതിക വിദ്യയുടെ പങ്ക്, വാക്സിന്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു'വെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ജനങ്ങളെ കേന്ദ്രീകരിച്ച് താഴെക്കിടയിലുള്ള പ്രവര്‍ത്തനം എങ്ങനെയാണ് സഹായിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഗേറ്റ്സ് ഫൗണ്ടേഷന്‍ നടത്തുന്ന ആരോഗ്യ സംബന്ധിയായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവന രംഗത്തെ ഇന്‍ഡ്യയുടെ സവിശേഷ മാതൃക, സര്‍ക്കാര്‍ വികസിപ്പിച്ച ഫലപ്രദമായ കോണ്‍ടാക്റ്റ്-ട്രേസിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രചരിപ്പിക്കല്‍, വാകസിന്‍ വികസിപ്പിക്കല്‍ എന്നിവയും ഇരുവരും പരസ്പരം ചര്‍ച്ച ചെയ്തു.