തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായ് സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ജൂണില്‍ ഒരു ദിവസം 12 വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചത്. സംസ്ഥാനം അതിന് പൂര്‍ണ സമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടത്. എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം അനുമതി നല്‍കിയ 324 വിമാനം ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞാല്‍ ഇനിയും അനമുതി നല്‍കാന്‍ ഒരുക്കമാണെന്നും അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിച്ചു.
പ്രവാസികള്‍ക്കായുള്ള വിമാനസര്‍വീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വിശദമാക്കിയത്.
