പാലാ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖം മനസിലാക്കി അവരെ സഹായിക്കാൻ കഴിയുന്നവരിൽ ദൈവസ്നേഹം ദർശിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുവയ്ക്കാൻ സ്വന്തമായി സ്ഥലമില്ലാതിരുന്ന കടനാട് ഇളപ്പുങ്കൽ ഷൈനി അനീഷിന് സൗജന്യമായി നൽകുന്ന മൂന്ന് സെൻ്റ് ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അർഹരെ കണ്ടെത്തി സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും തീരുമാനത്തെ മാർ ജേക്കബ് മുരിക്കൻ അനുമോദിച്ചു. ചെറിയാൻ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സിറിൾ സി കാപ്പൻ, സാംജി പഴേപറമ്പിൽ, എമി സി കാപ്പൻ, ചെറിയാൻ സി കാപ്പൻ ജൂനിയർ എന്നിവർ പങ്കെടുത്തു.
മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് ഷൈനി അനീഷിന് വീടുവയ്ക്കാൻ സൗജന്യമായി നൽകിയത്.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്.
നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെൻ്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ, വള്ളിച്ചിറ മൂന്നു തൊട്ടിയിൽ റോയി എന്നിവർക്കു മൂന്ന് സെൻ്റ് സ്ഥലം വീതം നേരത്തെ ലഭ്യമാക്കിയിരുന്നു.