പൂഞ്ഞാർ തെക്കേക്കര പാതാമ്പുഴയിൽ ബുധനാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് സംഭവമുണ്ടായത്. ജാർഖണ്ഡ് സ്വദേശി അന് മോൻ ടിഖിടി ആണ് ഡോ. ജേക്കബ് പ്ലാത്തോട്ടത്തിന്റെ വീടിന് മുകളിൽ കയറി വലിയ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
സംഭവ സ്ഥലത്തിന് സമീപം വാഴത്തോട്ടത്തിൽ ജോലിക്കായാണ് ടിഖിടി അടക്കം മൂന്ന് പേർ കഴിഞ്ഞദിവസം ജാർഖണ്ഡിൽ നിന്നും ഇവിടെയെത്തിയത്. വരുന്ന വഴിയിൽ ടെയിനിൽ വച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇയാൾക്ക് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായും പറയപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ഇവർ താമസിക്കുന്ന വീട്ടിൽ കിടന്നു ടിഖിടി ബഹളം വെച്ചു. പുറത്തേക്ക് ഇറങ്ങിയ സംഘം ഡോക്ടർ ജേക്കബിന്റെ വീടിൻറെ മുന്നിലും ബഹളവും വഴക്കുമായി. വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ രണ്ടുപേർ ഓടിപ്പോയി.
ടിഖിടി പുറത്തെ സ്റ്റെയർകേസിലൂടെ വീടിന് മുകളിലേക്ക് കയറി. ഇതോടെ വീട്ടുകാർ അയൽവാസികളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചു. ആളുകൾ എത്തിയതോടെ ഇയാൾ നിർമ്മാണ സാമഗ്രികൾ നാട്ടുകാർക്ക് നേരെ വലിച്ചെറിഞ്ഞു. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും ഇതിനിടെ സ്ഥലത്ത് എത്തി.
വീടിന് മുകളിൽ കയറിയ ആളെ പിടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റെയർകേസിൽ നിന്നും താഴെ വീണ് നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. ടെറസിന് മുകളിൽ ഓടുന്നതിനിടെ വീണ് മുഖത്ത് പരിക്കേറ്റ ടിഖിടി ഒടുവിൽ കീഴടങ്ങി. ഇയാളെ പാലാ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ നാട്ടുകാരനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.






