2030 ഓടെ രാജ്യം 6ജി യുഗത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 6ജി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടെസ്റ്റ് ബെഡ് പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിട്ടു.
6ജി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടെസ്റ്റ് ബെഡ് പുതിയ സാങ്കേതിക വിദ്യകളെ അതിവേഗം സ്വായത്തമാക്കാന്‍ സഹായകമാകുമെന്ന് ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
5ജി സാങ്കേതിക വിദ്യ വിജയകരമായി രാജ്യത്ത് ലഭ്യമാക്കിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് ആറാം തലമുറ മൊബൈല്‍ സാങ്കേതിക വിദ്യകള്‍ക്കായുള്ള പദ്ധതികള്‍ക്കുള്ള ആരംഭമെന്നോണം രാജ്യം നയരേഖ പുറത്തിറക്കിയത്. ഇതോടുകൂടി 6ജി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നൂതന ഗവേഷണ പഠനങ്ങള്‍ക്ക് അവസരമൊരുങ്ങും.
4ജിക്ക് മുമ്പ് ഇന്ത്യ ടെലികോം സാങ്കേതിക വിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നുവെന്നും എന്നാല്‍ ഇന്ന് ടെലികോം സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്താണ് 6ജി
ആറാം തലമുറ വയര്‍ലെസ് നെറ്റ്‌വർക്ക് എന്നാണ് 6ജി യുടെ അര്‍ത്ഥം. 5ജിയുടെ പിന്‍ഗാമിയായെത്തുന്ന സാങ്കേതിക വിദ്യ. പതിവ് പോലെ 5ജിയുടേതിനേക്കാള്‍ കൂടുതല്‍ വലിയ സാധ്യതകളാണ് 6ജി തുറക്കുക. ഇന്റര്‍നെറ്റ് വേഗതയിലും, ഡാറ്റ് ഉള്‍ക്കൊള്ളാനുള്ള ശേഷിയിലുമെല്ലാം ആ മാറ്റമുണ്ടാവും.
95 ഗിഗാഹെര്‍ട്‌സ് (GHz) മുതല്‍ 3 ടെറാ ഹെര്‍ട്‌സ് വരെയുള്ള സ്‌പെക്ട്രം ഫ്രീക്വന്‍സിയിലാണ് 6ജി പ്രവര്‍ത്തിക്കുക.
വേഗതയിലും ഡാറ്റാ ഉള്ളടക്ക കൈമാറ്റ ശേഷിയിലും വെത്യാസങ്ങളുള്ളതിനാല്‍ തന്നെ, വിവിധ വ്യവസായ മേഖലകളുടെ ശേഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ 6ജിയ്ക്ക് സാധിക്കും.
5ജി നെറ്റ് വര്‍ക്കുകളേക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തന ശേഷി 6ജിയ്ക്കുണ്ടാവും. ടെറാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സെക്കന്‍ഡില്‍ 1000 ജിബി വേഗം 6ജിയ്ക്കുണ്ടാവും. ലേറ്റന്‍സി 100 മൈക്രോ സെക്കന്‍ഡിലേക്ക് കുറയും. അതുകൊണ്ടു തന്നെ 6 ജിയുടെ നെറ്റ് വര്‍ക്ക് വേഗം 5ജിയേക്കാള്‍ നൂറ് മടങ്ങ് വര്‍ധിക്കും.
ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ ഇതിനകം 6ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ 6ജി സാങ്കേതിക വിദ്യ ഇപ്പോള്‍ ഗവേഷണ ഘട്ടത്തിലാണുള്ളത്. ഗൂഗിള്‍, ആപ്പിള്‍, എറിക്‌സണ്‍, സാംസങ്, നോക്കിയ തുടങ്ങിയ കമ്പനികളെല്ലാം ഗവേഷണ രംഗത്ത് സജീവമാണ്.







