തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് വ്യാപനം. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.
കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.







