മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു.കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതയുടെ 24 മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ.
കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത യെയാണ് സർക്കാർ ലക്ഷ്യം വയ്ക്കേണ്ടത്. ജനങ്ങളുടെ രക്ഷകരായി മാറേണ്ടവർ തന്നെ സംഹാരകരായി മാറുന്നു.
ബാറുകൾ ഇപ്പോഴും അനുവദിച്ചു കൊണ്ടിരിക്കുകയാണ്. മദ്യമില്ലാത്തതിനാലാണ് മയക്കുമരുന്നു വർദ്ധിക്കുന്നതെന്ന് പ്രചരിപ്പിച്ച വർ ഇപ്പോൾ മദ്യം സുലഭമായിട്ടും മയക്കുമരുന്ന് കൂടുന്നതിനെക്കുറിച്ച് മൗനം അവലംബിക്കുന്നു. രണ്ടും ദുരന്തമാണ്. ബ്രഹ്മപുരത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധീരൻ തുടർന്നു പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന വക്താവും അതിരൂപത പ്രസിഡന്റുമായ അഡ്വ. ചാർളി പോൾ അധ്യക്ഷനായിരുന്നു. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരു മായൻ, ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ,കെ എ പൗലോസ് കാച്ചപ്പിള്ളി, ജോൺസൺ പാട്ടത്തിൽ, എം.പി ജോസി എന്നിവർ പ്രസംഗിച്ചു.
മുൻ ഡയറക്ടർമാരായ ഫാ.പോൾ കാരാച്ചിറ, ഫാ.പോൾ ചുള്ളി, എന്നിവരെ ആദരിച്ചു. മികച്ച മദ്യ വിരുദ്ധ പ്രവർത്തകനായ ജോണി പിടിയത്ത്, ലഹരി വിരുദ്ധ സേനാനികളായ ഷൈബി പാപ്പച്ചൻ , തോമസ് മറ്റപ്പിള്ളി, ജോസ് പടയാട്ടി, എം ഡി ലോനപ്പൻ ,കെ വി ഷാ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു."ലഹരി ആസക്തിയും വിമുക്തിയും " എന്ന വിഷയത്തിൽ അഡിക്ഷൻ കൗൺസിലർ ഷിബിൻ ഷാജി വർഗ്ഗീസ് ക്ലാസ്
നയിച്ചു.