മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്.







