കൊച്ചി: കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ദുരന്തങ്ങൾക്കെതിരെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ എകോപന സമിതിയുടെയും നേതൃത്വത്തിൽ മെയ് 24 ബുധനാഴ്ച ഉച്ചക്ക് 2 ന് കലൂരിൽ പ്രതിഷേധ നില്പ് സമരം നടക്കും.കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് തുടരുന്ന ലഹരി വ്യാപനവും വിപണനവും ഉപഭോഗവും ഇല്ലാതാക്കൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കണം. ലഹരി മിഠായികൾ പോലും കേരളത്തിലെ പെട്ടിക്കടകളിൽ വിൽക്കുകയാണെന്ന് പ്രോഗ്രാം സെക്രട്ടറി ഷൈബി പാപ്പച്ചൻ പറഞ്ഞു.
മദ്യത്തെ മാന്യവത്കരിക്കുകയും മയക്കുമരുന്ന് വ്യാപനത്തിനെതിരെ നിസംഗത പുലർത്തുകയും ചെയ്യുന്ന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ അനന്തരഫലമായ ലഹരി ദുരന്തങ്ങൾ സംസ്ഥാനത്ത് നിർബാധം തുടരുന്നതിരെയാണ് പ്രതിഷേധ നില്പ് സമരമെന്നും ഷൈബി പാപ്പച്ചൻ അറിയിച്ചു.