കിഫ്ബി പണം നൽകിയാൽ 2 വർഷത്തിനു ശേഷം തിരിച്ചടവു തുടങ്ങണം. 4% പലിശ ചേർത്തു 2 വായ്പയ്ക്കും കൂടി 7 കോടി രൂപ മാസം എന്ന കണക്കിൽ 13 വർഷം തിരിച്ചടയ്ക്കണം.
നേരത്തേ കെഎസ്ആർടിസി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 3000 കോടി രൂപയുടെ തിരിച്ചടവു മാസം 31 കോടിയാണ്. ഇതും കൂടിയാകുമ്പോൾ പ്രതിമാസ തിരിച്ചടവ് 38 കോടിയിലധികമാകും. തിരിച്ചടവിൽ വ്യക്തത ഇല്ലാതെ വന്നതോടെ കിഫ്ബി പണം അനുവദിക്കില്ലെന്ന നിലപാടു സ്വീകരിച്ചു.
കിഫ്ബി വഴി ബസ് വാങ്ങണമെങ്കിൽ വായ്പാ തിരിച്ചടവു സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശമാണു ഗതാഗതവകുപ്പ് ധന വകുപ്പിനു മുന്നിൽ വച്ചത്. എന്നാൽ ഇതിനെ ധന വകുപ്പ് എതിർത്തു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ തിരിച്ചടവു സർക്കാർ ഏറ്റെടുക്കുമെന്നറിയിച്ചു.
പകരം വർഷം ബസ് വാങ്ങുന്നതിനു കെഎസ്ആർടിസിക്കു ബജറ്റിൽ വകയിരുത്തുന്ന 75 കോടി ധനവകുപ്പ് തിരിച്ചുപിടിക്കും. ഇതു ബജറ്റിൽ ഉൾപ്പെടുത്തിയാലും തങ്ങൾക്കു കിട്ടാറില്ലാത്തതിനാൽ ആ നിർദേശം ഗതാഗതവകുപ്പും അംഗീകരിച്ചു.