അരുമയായി നമ്മുടെ വീടകങ്ങളിൽ വാഴുന്ന പൂച്ചകളുടെ ആരോഗ്യം ചോർത്തുന്ന വിരകൾ ഏറെയുണ്ട്. പുറത്തോട്ടൊന്നും വിടാതെ അകത്തളത്തിൽ തന്നെ വളർത്തിയാലും വിരകൾ പലവഴി പൂച്ചകളുടെ ഉള്ളിൽ കയറിക്കൂടും. ഇങ്ങനെ പൂച്ചയുടെ വയറ്റിനുള്ളിൽ വിരകൾ എത്തി ദിവസങ്ങൾ കഴിഞ്ഞാലും ലക്ഷണങ്ങൾ ഒന്നും തന്നെ പുറത്തുകാണില്ല എന്നതാണ് കാര്യം. കാഷ്ടം പരിശോധന നടത്തിയാൽ പോലും പലപ്പോഴും വിരസാന്നിധ്യം തെളിയില്ല.
പൂച്ചകൾക്ക് വിരമരുന്ന് നല്കുന്നതിനെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വിദഗ്ദർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.ടോക്സോകാര കാറ്റി, ടോക്സോകാര ലിയോനിന, അങ്കെലോസ്റ്റോമ തുടങ്ങിയവയെല്ലാമാണ് നമ്മുടെ നാട്ടിൽ പൂച്ചകളിൽ കാണുന്ന പ്രധാന ആന്തര വിരകൾ.
അങ്കെലോസ്റ്റോമ എന്ന വിരകൾ കുടലിൽ കയറിക്കൂടി പൂച്ചകളുടെ രക്തം ഊറ്റുന്നവയാണ്. ഇവയുടെ ശല്യം കൂടിയാൽ വിളർച്ച മൂർച്ഛിച്ച് പൂച്ചകൾ ചത്തുപോവും. ഇടയ്ക്കിടെ ഉണ്ടാവുന്ന ചർദ്ദി, വയറിളക്കം, മെലിച്ചിൽ, തീറ്റയോട് വിരക്തി, പൂച്ചകൾ ഇടക്കിടെ ഉരുണ്ടു മറിഞ്ഞ് വീഴൽ, വയറു വീർക്കൽ, തിളക്കമില്ലാത്ത ത്വക്ക്, ഇടക്കിടെയുള്ള കാർക്കിച്ച് കൊണ്ടുള്ള തുമ്മൽ എന്നിവയെല്ലാമാണ് ടോക്സോകാര വിരബാധയുടെ ലക്ഷണങ്ങൾ.
പൂച്ചയ്ക്ക് തീറ്റയിലൂടെ കിട്ടുന്ന പോഷകങ്ങൾ എല്ലാം ഊറ്റിയെടുത്ത് വളരുന്നവയാണ് ടോക്സോകാര വിരകൾ. വിരബാധ മൂർച്ഛിക്കുന്ന സാഹചര്യത്തിൽ പൂച്ചയുടെ വൻകുടലിന്റെ അറ്റം പുറത്ത് ചാടുന്നതടക്കമുള്ള സങ്കീർണതകൾ സംഭവിക്കാം. പൂച്ചയുടെ മൂക്കിലൂടെ വിരകൾ പുറത്തുവരുന്നതും വിരബാധയുടെ മൂർധന്യത്തിൽ കണ്ടുവരാറുണ്ട്. കാഷ്ടത്തിലും ഛർദ്ദി അവശിഷ്ടങ്ങളിലും വിരകളെ കാണാം.
മാത്രമല്ല പൂച്ചകളെ ബാധിക്കുന്ന ടോക്സോകാര കാറ്റി എന്ന ഉരുളൻ വിരകൾ പൂച്ചകളിൽനിന്ന് അടുത്ത സമ്പർക്കം വഴി മനുഷ്യരിലേക്കു പകരാൻ ഉയർന്ന സാധ്യതയുള്ളതാണന്നതും അറിയേണ്ടതുണ്ട്. ഇതെല്ലാം അരുമ പൂച്ചകളെ കൃത്യമായി വിരയിളക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.