2000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുള്ള ആഘാതം ലഘൂകരിക്കാൻ 1000 രൂപ നോട്ടുകൾ വീണ്ടും പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘അത് ഊഹാപോഹമാണെന്നും ഇപ്പോൾ അങ്ങനെയൊരു നിർദേശമില്ലെ’ന്നും അദ്ദേഹം വ്യക്തമാക്കി.
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ആരും തിരക്കു കൂട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2000 രൂപ നോട്ട് പിൻവലിക്കലിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയിൽ നാമമാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ കറൻസി ആവശ്യകത പരിഗണിച്ചാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം പൂർത്തീകരിക്കുകയും മതിയായ അളവിൽ മറ്റു മൂല്യങ്ങളിലുള്ള നോട്ടുകൾ ലഭ്യമാവുകയും ചെയ്തതോടെ 2018-19 ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്ന് ആർബിഐ വ്യക്തമാക്കി.