ജെ. ഫ്രാൻസിസ് രാജ സംവിധാനം ചെയ്യുന്ന അഴക് മച്ചാൻ തീയേറ്ററുകളിൽ എത്തി. ജൂൺ 9നാണ് ചിത്രം റിലീസ് ചെയ്തത്.
മകളുടെ ജീവിത യാത്രയിൽ ഉണ്ടായ ചില അപ്രതീക്ഷിത സംഭവവികാസങ്ങളുടെ തീച്ചൂളയിൽ നീറുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥയാണ് അഴക് മച്ചാനിലൂടെ പകർന്നാടുന്നത്. മാനസികവും ശാരീരികവുമായ അവശതകൾക്കിടയിലും പിടിച്ചു നിൽക്കാനുള്ള കരുത്തുമായി പ്രതിസന്ധികൾക്കെതിരെ നടത്തുന്ന പോരാട്ടം.
മകൾക്കായി ജീവിതം സമർപ്പിച്ച അച്ഛനായി കഥയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുബൈ മലയാളി റോയ് കൊട്ടാരം ആണ്.
കേരള തമിഴ് നാട് അതിർത്തിയിലെ ഒരു സാധാരണ ഗ്രാമത്തിൽ നടക്കുന്നതാണ് കഥ. മുൻ മന്ത്രിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ കഥയുടെ രചനയും സംവിധാനവും ജെ. ഫ്രാൻസിസ് രാജയാണ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന് സംഗീത സംവിധാനം നൽകിയിരിക്കുന്നതും നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ശ്രദ്ധ നേടിയ ഫ്രാൻസിസ് തന്നെയാണ്. ജി ശ്രീജയാണ് നിർമ്മാണം.
എസ് ആർ സുസ്മിതനാണ് ഗാനരചന. തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം. മലയാളത്തിലും തമിഴിലും ചിത്രം എത്തുന്നുണ്ട്.








