കുന്നോന്നിയിലേക്ക് സര്‍വ്വീസ് നടത്തേണ്ട ചില സ്വകാര്യബസുകള്‍ സ്‌കൂള്‍-കോളേജ് സമയങ്ങളില്‍ ട്രിപ്പുകള്‍ മുടക്കുന്നതായി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍. ഈ സര്‍വ്വീസുകള്‍ പൂഞ്ഞാറിലോ, ഈരാറ്റുപേട്ടയിലോ എത്തുമ്പോള്‍ ട്രിപ്പുകള്‍ മുടക്കുകയാണ്.
വൈകിട്ട് 3.30 മുതല്‍ 5 മണി വരെയുള്ള സമയങ്ങളിലെ ചില സ്വകാര്യ ബസുകളാണ് ഇപ്രകാരം ട്രിപ്പ് മുടക്കി കുട്ടികളെ പെരുവഴിയിലാക്കുന്നത്. പിന്നീട് 5 മണിക്ക് ശേഷം വരുന്ന ബസുകളില്‍ തിരക്കുകൂടുന്നതുമൂലം മുഴുവന്‍ കുട്ടികളെയും കയറ്റാതെയും പോകുന്നു.
മലയോര മേഖലയിലെ വീടുകളില്‍ സമയത്ത് എത്തേണ്ട കൊച്ചുകുട്ടികളും, പെണ്‍കുട്ടികളുമടക്കമുള്ളവര്‍ തന്‍മൂലം വഴിയില്‍ കുടുങ്ങുകയാണ്. പിന്നീട് രക്ഷിതാക്കള്‍ എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്.
വൈക്കത്തുനിന്നും, കോട്ടയത്തുനിന്നുമൊക്കെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സമയക്കുറവാണെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. എന്നാല്‍ ഈ ബസുകള്‍ പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ യാത്രക്കാരെ പിടിക്കാന്‍ കാത്തു കിടക്കുന്നതാണ് സമയക്കുറവിന് പ്രധാന കാരണം.
ട്രിപ്പു മുടക്കുന്ന ചില ബസുകള്‍ കേടാകുന്നതാണ് കാരണമെന്ന് ന്യായീകരണവുമുണ്ട്. ഈ ബസുകളുടെ ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലാ ജോയിന്റ് ആര്‍.റ്റി.ഒ. അധികാരികള്‍ പരിശോധിക്കണം. കുട്ടികള്‍ക്ക് യാത്രാക്ലേശമുണ്ടാക്കുന്ന ട്രിപ്പ് മുടക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.