Hot Posts

6/recent/ticker-posts

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു


കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. മസ്തിഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 


കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസിയുടെ മുന്‍ പ്രസിഡന്റുമാണ്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. കെഎസ് യു സംസ്ഥാന പ്രസിന്റ് പദവും വഹിച്ചിട്ടുണ്ട്.


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.


പാച്ചേനി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങല്‍ യുപി സ്‌കൂള്‍, പരിയാരം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടി. 


കെഎസ് യു താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിങ്ങനെ 1999 ല്‍ സംസ്ഥാന പ്രസിഡന്റ് വരെയായി. 

കണ്ണൂരില്‍ നിന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. കെഎസ് യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016 ഡിസംബര്‍ മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി. 

സിപിഎം കോട്ടകളില്‍ വമ്പന്‍ എതിരാളികള്‍ക്കെതിരെ മത്സരിച്ചായിരുന്നു സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങള്‍. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പില്‍ എംവി ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിയോഗിച്ചു. 

ഇരിങ്ങല്‍ സ്‌കൂളില്‍ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പു ഗോദയില്‍ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും  വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂര്‍ മണ്ഡലത്തില്‍ അവസാനത്തെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു. 

തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും