ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരേയാണ് ഞായറാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ജങ്ഷനില്‍വെച്ച് ആക്രമണമുണ്ടായത്. സിനിമ കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ദമ്പതിമാരെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ആക്രമിച്ചത്.
ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം ആദ്യം അശ്വിന്റെ ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയുമായിരുന്നു. മോശം പെരുമാറ്റം ചോദ്യംചെയ്തതോടെയാണ് ഇവര്‍ അശ്വിനെ മര്‍ദിച്ചത്.
സംഭവത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലും പിന്നീട് നടക്കാവ് പോലീസിലും അശ്വിന്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന്റെ നമ്പര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനുപുറമേ നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളെയും പിടികൂടിയത്.
പ്രതികളെ തിരിച്ചറിയാനായി പരാതിക്കാരനായ അശ്വിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.