തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ പോലീസ് ആരോഗ്യപ്രവർത്തകർക്ക് സമീപത്തുതന്നെ ഉണ്ടാകണമെന്ന് മെഡിക്കോ ലീഗൽ പ്രോട്ടോകോളിന്റെ കരടിൽ നിർദേശം.
മാറിനിൽക്കണമെന്ന് പോലീസിനോട് ഡോക്ടർമാർ ആവശ്യപ്പെടുകയാണെങ്കിൽ, ആക്രമണമുണ്ടായാൽ തടയാവുന്ന ദൂരത്തിൽവേണം നിൽക്കാൻ. പ്രതികളെ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ കത്രിക, കത്തി തുടങ്ങിയ വസ്തുക്കൾ ആരോഗ്യപ്രവർത്തകർ സുരക്ഷിത അകലത്തിൽ സൂക്ഷിക്കണം.
കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഇതിന്റെ കരട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽനൽകി. രണ്ടാഴ്ചയ്ക്കകം മാനദണ്ഡൾ അന്തിമമാക്കും.
കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ പോലീസ് സ്വയം നിരീക്ഷണത്തിലൂടെയോ നാട്ടുകാരിൽനിന്നോ മനസ്സിലാക്കണം.
നേരിട്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടായാൽ സ്റ്റേഷനിൽ അറിയിക്കണം. സ്വഭാവത്തിൽ അസ്വാഭാവികതയുണ്ടെങ്കിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോൾ കൈവിലങ്ങണിയിക്കാം. ശാന്തനാകുന്നപക്ഷം ഊരിമാറ്റുകയുംചെയ്യാം.
കൈവശം ഒരുതരത്തിലുള്ള ആയുധവുമില്ലെന്ന് ഉറപ്പാക്കണം. മയക്കുമരുന്നോ വിഷമോ ശരീരത്തിൽ ഒളിപ്പിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. അക്രമവാസന കാണിക്കുന്നയാളെങ്കിൽ വൈദ്യപരിശോധനയ്ക്കുമുമ്പേ അക്കാര്യം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം.
അക്രമാസക്തനായാൽ ശാന്തനാക്കാൻ ആരോഗ്യപ്രവർത്തകരും പോലീസിനെ സഹായിക്കണം.അറസ്റ്റിലായ വ്യക്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുമ്പോൾ മജിസ്‌ട്രേറ്റിന്റെ പ്രത്യേക നിർദേശമില്ലാതെ വിലങ്ങണിയിക്കരുത്. വാറന്റ് നടപ്പാക്കാനായി വ്യക്തികളെ അറസ്റ്റുചെയ്താലും മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ മാത്രമേ കൈവിലങ്ങണിയിക്കാവൂ. അറസ്റ്റിലായവരെ സ്റ്റേഷനിലും മജിസ്‌ട്രേറ്റിനും മുന്നിലും എത്തിക്കുന്നതുവരെ കൈവിലങ്ങ് വേണമെന്ന് പോലീസിന് തോന്നിയാൽ അതാകാം.







