കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒ.പി.ജി കേബിളുകൾ സ്ഥാപിച്ചത് വ്യവസ്ഥകൾക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവയുടെ ഗുണമേന്മയിൽ ഒരുറപ്പുമില്ല. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ട്. ഇത് കെ-ഫോണിനും വൈദ്യുതി ബോർഡിനുമറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ശിവശങ്കറാണ് ഒരു കത്തിലൂടെ 500 കോടി രൂപയുടെ അധിക ബാധ്യത പദ്ധതിയിലുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021-ൽ കെ-ഫോൺ ഉദ്ഘാടനം ചെയ്തതാണ്.
ഇപ്പോൾ വീണ്ടുമൊരു ഉദ്ഘാടനം നടത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കാലത്താണ് കെ-ഫോൺ ഉദ്ഘാടനത്തിന് 4.35 കോടി രൂപ ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റുള്ള മന്ത്രിമാർ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് കുടുംബത്തിലെ അംഗമായ മന്ത്രി റിയാസ് പറയുന്നത്. അഴിമതിയെ സംരക്ഷിക്കാനിറങ്ങാത്ത മന്ത്രിമാർക്കെതിരായ ഭീഷണിയാണ് റിയാസ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് കെ-ഫോണും അഴിമതി ക്യാമറയും. സാധാരണക്കാരന്റെ പോക്കറ്റ് അടിക്കുന്ന നടപടിയാണ് അഴിമതി ക്യാമറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







